കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ കടൽമേഖലയിൽ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങൾ കുവൈത്ത് ഡൈവിങ് സംഘം കണ്ടെത്തി രേഖപ്പെടുത്തി. കടൽ ഗതാഗതത്തിനും സമുദ്ര പരിസ്ഥിതിക്കും ഭീഷണിയാകുന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംഘം അധികൃതരോട് ആവശ്യപ്പെട്ടു.
75 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്തതായി ഡൈവിങ് സംഘം മേധാവി വലീദ് അൽ ഫാദൽ അറിയിച്ചു. കടലിന്റെ അടിത്തട്ടിലും സമുദ്രജീവികളിലും ഇവ സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
മുങ്ങിയ കപ്പലുകളിൽനിന്ന് ഇന്ധനം, എണ്ണ, അപകടകരമായ രാസവസ്തുക്കൾ എന്നിവ ചോർന്നൊലിക്കുന്നത് സമുദ്ര മലിനീകരണത്തിനും ജലജീവികളുടെ നാശത്തിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രാത്രിയിലും മൂടൽമഞ്ഞുള്ള സമയങ്ങളിലും ഇത്തരം പ്രദേശങ്ങളിലൂടെ ബോട്ടുകളിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.ഖോർ അബ്ദുല്ല, കുവൈത്ത് ഉൾക്കടൽ, അഷൈരിജ് തീരം, ഖാറൂഹ്, ഉമ്മുൽ മറാദിം, കുബ്ബർ, ഫൈലക്ക തുടങ്ങിയ മേഖലകളിലും മുങ്ങിയ കപ്പലുകളുടെ അവശിഷ്ടങ്ങളുണ്ടെന്ന് സംഘം വ്യക്തമാക്കി.
1986ൽ പ്രവർത്തനം ആരംഭിച്ച കുവൈത്ത് ഡൈവിങ് സംഘം ഇതുവരെ 800ലധികം മുങ്ങിയ കപ്പലുകളും ബോട്ടുകളും കടലിൽനിന്ന് പുറത്തെടുത്തിട്ടുണ്ട്.സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും കടൽ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളും കപ്പൽ ഉടമകളും സഹകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.



