കേന്ദ്ര സർക്കാരിന്റെ പുതിയ ഇന്റർമീഡിയറി റൂൾസ് 2021നെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഡൽഹി ഹൈക്കോടതിയിൽ കേസു നൽകിയിരിക്കുകയാണ്. ഇതുവരെ എടുത്ത നിലപാടുമായി മുന്നോട്ടുപോകാൻ തന്നെയാണ് കമ്പനിയുടെ തീരുമാനമെങ്കിൽ വാട്‌സാപ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തന്നെയാണ് തെളിയുന്നത്. പുതിയ നിയമങ്ങൾ വാട്‌സാപ്, ഫെയ്‌സ്ബുക്, ട്വിറ്റർ തുടങ്ങി പല സേവനങ്ങളെയും ബാധിക്കും. ഇനിമേൽ ഒരു പോസ്റ്റ് ആരാണ് ആദ്യം നടത്തിയതെന്ന കാര്യം സർക്കാർ ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കണം എന്നതാണ് ഇതിലെ ഏറ്റവും വിവാദ വകുപ്പ്. അതെ, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും മേധാവിയായ മാർക്ക് സക്കർബർഗിന് മുന്നിലുള്ള വൻ വെല്ലുവിളിയാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മിക്കവരും വീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെ ചെയ്തികളിലേക്ക് കടുന്നുകയറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, അത് അയാളുടെ സ്വകാര്യതാ പരിരക്ഷയുടെ ലംഘനമായിരിക്കുമെന്നുമാണ് വാട്‌സാപ് വാദിക്കുന്നത്. എന്നാൽ, വാട്‌സാപ്പിന്റെ ഈ വാദം ധിക്കാരമാണെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സ്വകാര്യതയൊക്കെ സംരക്ഷിക്കണമെങ്കിലും അതിന് ചില പരിമിതികൾ ഉണ്ടായിരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്തായാലും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ അനുസരിച്ചോളാമെന്ന് ഫെയ്‌സ്ബുക്കും ആ കുടുംബത്തിലുള്ള വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകളും ട്വിറ്ററും ഇതുവരെ സമ്മതിച്ചിട്ടില്ല. വലിയൊരു ശതമാനം ഇന്ത്യക്കാരും ഈ കമ്പനികളുടെ ഏതെങ്കിലും സേവനം ആസ്വദിക്കുന്നവരാണ്. അതിനാൽ പുതിയ നിയമങ്ങളും അവയെ കമ്പനികൾ കാണുന്ന രീതിയും ഒരോരുത്തരെയും ബാധിച്ചേക്കാം.പുതിയ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് വാട്‌സാപ് മേയ് 25നാണ് ഡൽഹി ഹൈക്കോടതിയിൽ കേസു നൽകിയത്. പുതിയ നയം അംഗീകരിക്കാനുള്ള അവസാന ദിനവും അന്നായിരുന്നു. തങ്ങളുടെ വാദം സമർഥിക്കാനായി വാട്‌സാപ് ഉയർത്തുന്നത് 2017ലെ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിൽ നടന്ന കേസിലെ പരാമർശങ്ങളാണ്. കമ്പനി കോടതിയോടു പറയുന്നത് രണ്ടു പ്രധാന കാര്യങ്ങളാണ്. ഒന്ന് ചുവടുപിടിച്ചുപോകൽ നടപ്പാക്കരുത്. രണ്ട് തങ്ങളുടെ ജോലിക്കാർക്കെതിരെ അതിന്റെ പേരിൽ കേസെടുക്കരുത്.കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ അനുസരിക്കണമെങ്കിൽ ഇന്ത്യയ്ക്കു മാത്രമായി പുതിയ വാടാസാപ് വേർഷൻ ഉണ്ടാക്കിവേണം ചുവടുപിടിച്ചുപോകൽ പ്രാവർത്തികമാക്കാൻ. അതോടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എൻക്രിപ്റ് ടു എൻക്രിപ്റ് (ഇ2ഇ) ഇല്ലാതാകും. അത്തരം ഒരു ആപ് പ്രവർത്തിപ്പിക്കുന്നതിനെതിരെ അമേരിക്കൻ ജനതയ്ക്കും, ടെക്‌നോളജി മേഖലയ്ക്കും എതിർപ്പുണ്ടാകാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?