പ്രധാന റോഡുകൾക്ക് ഇനി പേരിനു പകരം നമ്പർ: 591 തെരുവുകളുടെ പേര് റദ്ദാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

  • 03/11/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ 591 പ്രധാനപ്പെട്ടതും അപ്രധാനവുമായ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ റദ്ദാക്കാനും പകരം നമ്പറുകൾ നൽകാനും മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുൾ ലത്തീഫ് അൽ മശാരി അംഗീകാരം നൽകി. ഇതിന് പുറമെ 66 തെരുവുകളുടെയും റോഡുകളുടെയും പേരുകൾ നിലനിർത്താനും 3 തെരുവുകളുടെ പേരുകൾ ഭേദഗതി ചെയ്യാനും തീരുമാനിച്ചു.

തെരുവുകൾക്ക് പേര് നൽകുന്നതിലുള്ള ഏകീകൃത നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഒക്ടോബർ 19-ന് ചേർന്ന മുനിസിപ്പൽ കൗൺസിലിൻ്റെ അസാധാരണ യോഗത്തിലെ തീരുമാനമാണ് അൽ-മശാരി അംഗീകരിച്ചത്.

തെരുവുകൾ, നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ, സ്‌ക്വയറുകൾ എന്നിവയ്ക്ക് പേര് നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പഠിക്കാനായി 2023-ലെ 558-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ മിനിറ്റ്‌സ് മുനിസിപ്പൽ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 591 തെരുവുകളുടെ പേരിന് പകരം നമ്പർ നൽകാനും 66 പേരുകൾ നിലനിർത്താനും തീരുമാനിച്ചത്.

കൂടാതെ, 3 തെരുവുകളുടെ പേരുകൾ അറബ് രാജ്യങ്ങളിലെ നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളാക്കി മാറ്റാനും തീരുമാനിച്ചു. 2025-ലെ 19-ാം നമ്പർ യോഗത്തിൽ മന്ത്രിസഭ സ്വീകരിച്ച 666-ാം നമ്പർ തീരുമാനവുമായി പൊരുത്തപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ ഭേദഗതികൾ വരുത്തുന്നത്. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിലാസം കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയാണ് പേരുകൾക്ക് പകരം നമ്പറുകൾ നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് വിലയിരുത്തൽ.

Related News