മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കാനുള്ള നാസയുടെ ആർത്തെമിസ് മിഷൻ പദ്ധതി അമേരിക്ക വൈകിപ്പിച്ചു

  • 10/11/2021


വാഷിങ്ടൺ: മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കാനുള്ള പദ്ധതി അമേരിക്ക വൈകിപ്പിച്ചു. ആർത്തെമിസ് മിഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2024 ൽ യാഥാർത്ഥ്യമാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് 2025 ലേക്ക് നീട്ടിവെക്കുകയായാണ് ചെയ്തത്.

ഒറിയോൺ പേടകത്തിലാണ് ആർത്തെമിസ് മിഷന്റെ ഭാഗമാവുന്ന ബഹിരാകാശ സഞ്ചാരികൾ യാത്രചെയ്യുക. ആദ്യം ആളില്ലാ പരീക്ഷണവും പിന്നീട് ആർത്തെമിസ് 2 എന്ന പേരിൽ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള പരീക്ഷണവും നടക്കും. ഇതിൽ സഞ്ചാരികൾ ചന്ദ്രനരികിലൂടെ പറക്കും. 930 കോടി ഡോളറാണ് ഒറിയോൺ പേടകത്തിനുള്ള ചെലവ്. ഇതിന് ശേഷമാണ് ചന്ദ്രനിലിറങ്ങുന്നതിനുള്ള ശ്രമം. പത്ത് തവണയെങ്കിലും ഗവേഷകരെ ചന്ദ്രനിലിറക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ വികസിപ്പിച്ച ലൂണാർ ലാന്റർ ഉൾപ്പടെ രണ്ട് പ്രോട്ടോ ടൈപ്പുകൾ നാസ തിരഞ്ഞെടുക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ട് യുഎസ് കോൺഗ്രസ് വെട്ടിക്കുറച്ചതോടെ സ്പേസ് എക്സിന്റെ ലൂണാർ ലാന്റർ മാത്രം തിരഞ്ഞെടുക്കേണ്ടിവന്നു.

എന്നാൽ ഇതിനെതിരെ ബ്ലൂ ഒറിജിൻ യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിനെ (ജിഎഒ)സമീപിച്ചതോടെ ലൂണാർ ലാന്റർ കരാർ 95 ദിവസം വൈകി. എന്നാൽ ബ്ലൂ ഒറിജിന്റെ പരാതി ജിഎഒ തള്ളി. ഒരാളെ തിരഞ്ഞെടുക്കാനും ഒന്നിലധികം തിരഞ്ഞെടുക്കാനും ആരെയും തിരഞ്ഞെടുക്കാതിരിക്കാനും നാസയ്ക്ക് അവകാശമുണ്ടെന്നും ജിഎഒ പറഞ്ഞു.

ഈ കേസിൽ യുഎസ് കോർട്ട് ഓഫ് ഫെഡറൽ ക്ലെയിംസ് നാസയ്ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. ഇതോടെ നാസയ്ക്ക് വേണ്ടി ഒരു ലാൻഡർ വികസിപ്പിക്കാനുള്ള ബ്ലൂ ഒറിജിന്റെ നീക്കത്തിന് വിരാമമായി.

ഈ കോടതി വ്യവഹാരങ്ങളും മറ്റ് ഘടകങ്ങളും കാരണം ആർത്തെമിസിന് കീഴിൽ മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നത് വൈകുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ സ്ഥിരീകരിച്ചു. കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം. സ്പേസ് എക്സുമായുള്ള ചർച്ചകൾ പുനരാരംഭിച്ചുവെന്നും വ്യക്തമാക്കി.

ചൊവ്വാ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് ഡൊണാൾഡ് ട്രംപ് ഭരണകൂടമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടത്തിൽ നിന്നും ചാന്ദ്ര പദ്ധതിയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. 

എന്നാൽ പുതിയ ബൈഡൻ ഭരണകൂടം അധികാരമേറ്റതോടെ കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികൾക്ക് പ്രാമുഖ്യം നൽകി. പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ടിങ് കുറഞ്ഞത് അതിന്റെ ഭാഗമായാണ്.

Related Articles