വന്ദേ ഭാരത് മിഷൻ: ഈ ആക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നു.

  • 18/05/2020

പ്രവാസികൾ നാട്ടിലേക്കുള്ള തിരിച്ചു പോക്കിൻ്റെ ഘട്ടത്തിലാണ്.
ആദ്യ ഘട്ടത്തിൽ വിഷയത്തിൽ കൃത്യമായ ഒരു പദ്ധതിയോ , ചർച്ചകളോ തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എങ്കിലും സമ്മർദ്ദങ്ങൾക്കൊടുവിൽ ''വന്ദേ ഭാരത് മിഷൻ '' എന്ന പേരിൽ ഇവാക്ക്യേഷൻ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം തയാറായി. രോഗികൾ , അടിയന്തിര മെഡിക്കൽ സേവനം വേണ്ടവർ, ഗർഭിണികൾ ,കുട്ടികൾ , വയോധികർ , തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആശ്വാസമാണ് നൽകിയത് . മിഷന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോൾ പ്രവാസികൾക്ക് മിഷൻ എത്രകണ്ട് ആശ്വാസകരമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു .

മെയ് 15 നു അവസാനിച്ച വന്ദേ ഭാരത് മിഷന്റെ ആദ്യഘട്ടത്തിൽ 15000 പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ആണ് പദ്ധതി രൂപീകരിച്ചരുന്നത്. അതിനനുസൃതമായി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നായി അൻപത്തി ആറോളം ഫ്ലൈറ്റുകൾ ആണ് എയർ ഇന്ത്യയിലൂടെ ഷെഡ്യൂൾ ചെയ്തിരുന്നത്. ലക്ഷക്കണക്കിന് ആൾക്കാർ എംബസി മുഖാന്തിരം നാട്ടിലെത്താൻ രജിസ്റ്റർ ചെയ്തിരിക്കുമ്പോളാണ് കേവലം പതിനഞ്ചായിരത്തിന്റെ ആദ്യ പദ്ധതി തയ്യാറാക്കിയത് . ആദ്യ ഘട്ടം അവസാനിച്ചപ്പോൾ പന്ത്രണ്ടായിരത്തോളം ആൾക്കാരെ മാത്രമേ നാട്ടിൽ എത്തിക്കാൻ സാധിച്ചിട്ടുള്ളു. രണ്ടാം ഘട്ടത്തിൽ എത്തി നിക്കുമ്പോൾ 188646 ഇന്ത്യൻ പൗരന്മാർ അടിയന്തിരമായി നാട്ടിൽ എത്താൻ അതാതു രാജ്യത്തെ എംബസികൾ മുഖാന്തിരം രജിസ്റ്റർ ചെയ്തിരിക്കുകയാണ് . രണ്ടാം ഘട്ടത്തിൽ 32000 ആൾക്കാരെ നാട്ടിൽ എത്തിക്കാൻ ഉള്ള കുറച്ചുകൂടെ ബൃഹത്തായ പദ്ധതി ഇന്ത്യൻ ഗവർമെന്റ് തയ്യാറാക്കിയിട്ടുണ്ട് . 31 രാജ്യങ്ങളിൽ നിന്നായാണ് 149 ഫ്ലൈറ്റുകൾ രണ്ടാംഘട്ട മിഷന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് . ഒറ്റനോട്ടത്തിൽ ഇത് ആശ്വാസകരമായ തോന്നും എങ്കിലും ആദ്യഘട്ടത്തിലെ പന്ത്രണ്ടു രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ രാജ്യങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർധിച്ചിരിക്കുന്നത് കണക്കിൽ എടുത്താൽ ഗൾഫ് മേഖലയ്ക്ക് ഏറെ ഒന്നും പ്രതീക്ഷ നൽകുന്ന പദ്ധതിഅല്ല രണ്ടാം ഘട്ടം എന്ന് നിസ്സംശയം പറയാൻ പറ്റും .

ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ അനുവദിച്ചുകൊണ്ടും , വിദേശ വിമാനകമ്പനികലെ കൂടെ മിഷനിൽ പങ്കാളി ആക്കിക്കൊണ്ടും കൂടുതൽ പ്രവാസികളെ കുറഞ്ഞ ദിവസത്തിനുള്ളിൽ രാജ്യത്തു എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് . കോവിഡി ബാധയേറ്റു നിരവധി മലയാളികൾ ഉൾപ്പെടെ ഉള്ള പ്രവാസികൾ അനുദിനം ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുമ്പോൾ അതിലേറെ മരണങ്ങളാണ് , മാനസികാ സമ്മർദ്ദം കൊണ്ടും , ഹൃദയ സ്തംഭനം കൊണ്ടും , അടിയന്തിര ചികിത്സകൾ ലഭിക്കാതെയും ,ചിലപ്പോഴൊക്കെ ആത്മഹത്യകളായും ഗൾഫ് മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത് എന്നത് സർക്കാർ ഗൗരവത്തോടെ കാണേണ്ടതുണ്ട് .

| കുവൈറ്റ് ഏർപ്പെടുത്തിയ പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി 8000 മേലെ ഇന്ത്യക്കാരാണ് കുവൈറ്റ് സർക്കാരിന്റെ ഡീപോർട്ടഷൻ ക്യാമ്പുകളിൽ നാടണയാൻ അവസരം കാത്ത് കിടക്കുന്നത്.
അവരെ ഇന്ത്യയിൽ എത്തിക്കാനുള്ള സൗജന്യ വിമാനം കുവൈറ്റ് സർക്കാർ വാഗ്ദാനം ചെയ്തിട്ടും കുവൈറ്റിന്റെ വിമാനങ്ങൾക്ക് ഇന്ത്യ ഗവർമെന്റ് അനുമതി നിഷേധിച്ചു കൊണ്ട് പ്രവാസികളോട് വഞ്ചനാപരമായ സമീപനമാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത് .ഇത്തരം ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം പോലും ഇല്ല. മാറി ഉടുക്കാൻ വസ്ത്രങ്ങൾ പോലും ഇല്ലാതെ നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സാമൂഹ്യ സംഘടനകളോട് സഹായം അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം , ക്യാമ്പുകളിൽ കോവിഡ് രോഗ ബാധകൂടി റിപ്പോര്ട്ട് ചെയ്തതായുള്ള വാർത്തകളും പുറത്തു വന്നു കൊണ്ടിരിക്കുകുയാണ്.
ഈ വിഷയത്തിൽ നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞ ദിവസം കേന്ദ്ര ഗവര്മെന്റിനു സുപ്രീംകോടതി നിർദേശം നൽകുകയും ഉണ്ടായി. അടിയന്തിര പ്രാധാന്യത്തോടെ ഇപ്പോളും ഈ വിഷയത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കാത്തത് പ്രധിക്ഷേധാർഹമാണ്.

വന്ദേ ഭാരത് മിഷന്റെ ആദ്യ ഘട്ടത്തിൽ കുവൈറ്റിൽ നിന്നും വിരലിൽ എണ്ണാവുന്ന സർവീസുകൾ ആണ് ഉണ്ടായിരുന്നത് എങ്കിലും , യാത്രക്കാരുടെ പ്രയോരി ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ചില ഉപജാപക സംഘങ്ങളുടെ സ്വാധീനത്താൽ പ്രയോറിറ്റി ലിസ്റ്റ് അട്ടിമറിക്കുകയും , സ്വന്തക്കാരെയും , സ്വാധീനം ഉള്ളവരെയും മുന്ഗണന ലിസ്റ്റിൽ തിരുകി കേറ്റുകയും ചെയ്തു എന്ന ഗുരുതര ആരോപണം മീഡിയകൾ തെളിവ് സഹിതം പുറത്തു വിടുകയുണ്ടായി.

ഇത്ര വലിയ ഒരു ഓപ്പറേഷൻ ഇന്ത്യ ഗവർമെൻറ് പ്ലാൻ ച്ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകേണ്ട ഹോംവർക്കുകൾ ഒന്നും തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
പതിനായിരക്കണക്കിന് വരുന്ന അപേക്ഷകൾ ഇഴകീറി പരിശോധിച്ച് മുന്ഗണന ലിസ്റ്റ് തയ്യാറാക്കുക എന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ളതാണ് എന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നുണ്ട്.വിവര ശേഖരണവും ഡാറ്റാ അനലൈസും ചെയ്യാൻ കഴിയുന്ന ഒരു വെബ് സൈറ്റ് പോലും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇല്ല എന്നുള്ളത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്ലാനിംഗിൽ വന്ന വീഴ്ചയാണ്. അതിന് കപ്പാസിറ്റിയുള്ള സ്വന്തമായി ഡാറ്റാ സെൻ്റർ ഉള്ള NIC യെ ഉപയോഗപ്പെടുത്തി വിവര ശേഖരണവും ,പ്രയോരിറ്റി ലിസ്റ്റ് തയ്യാറാക്കാനും കുറ്റമറ്റ രീതിയിൽ സാധ്യമാകും എന്നിരിക്കെയാണ് ഗൂഗിൾ ഫോമും ,ക്ലൗഡ് ഫ്ലയറും ഉപയോഗിച്ച് എംബസികൾ രജിസ്ട്രേഷൻ ആരംഭിച്ചത്.
പ്രയോറിറ്റി പ്രകാരമുള്ള യാത്രക്കാരുടെ വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാകും വിധം എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി തെരഞ്ഞെടുപ്പിലെ സുതാര്യത വ്യക്തമാക്കാൻ എംബസികൾ തയ്യാറാവേണ്ടതുണ്ട് .
സാമൂഹ്യ സേവന സംഘടനകളുടെ പ്രതി നിധികൾക്കു പകരം തല്പര കക്ഷികളായ പലരെയും എംബസി വളണ്ടിയർ ആയി നിയമിച്ചു , അത്തരം ആൾക്കാരെ കൊണ്ട് വന്ദേ ഭാരത് മിഷന്റെ ഏകോപനം നടപ്പിലാക്കാനാണ് എംബസി ശ്രമിച്ചത് എന്ന ആരോപണമാണ് പ്രവാസി സമൂഹത്തിനിടയിൽ ഉയർന്നു കേൾക്കുന്നത്.
ചുരുങ്ങിയ പക്ഷം ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ച മാതൃകാപരമായ നിലപാട് കുവൈട്ടിലെ ഇന്ത്യൻ എംബസിക്കും പിന്തുടരാവുന്നതേ ഉണ്ടായിരുന്നുള്ളു. എംബസി ഉദ്യോഗസ്ഥർക്കൊപ്പം , സമൂഹത്തിന്റെ താഴെ തട്ടിൽ വേരോട്ടം ഉള്ള സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളെ കൂടെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സുതാര്യ കമ്മിറ്റി രൂപീകരിച്ചു , അടിയന്തിര പ്രാധാന്യമുള്ള യാത്രക്കാരെ തെരഞ്ഞെടുക്കുന്ന രീതി കുവൈറ്റിലെ ഇന്ത്യൻ എംബസിയും
സ്വീകരിച്ചിരുന്നെങ്കിൽ , ഇപ്പോൾ നിലനിൽക്കുന്ന ആക്ഷേപങ്ങൾ ഒഴിവാക്കി ഏറ്റവും അർഹരായ പ്രവാസികൾക്ക് തന്നെ ആദ്യഘട്ടത്തിൽ നാട്ടിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. അതിനാവശ്യം പ്രവാസികൾക്ക് മേൽ കരുതലുള്ള ഒരു വിദേശകാര്യ മന്ത്രാലയവും , അതിനു കീഴിൽ കർത്തവ്യ ബോധമുള്ള ഉദ്യോഗസ്ഥ സംവിധാനവും ആണ് . നിർഭാഗ്യവശാൽ നമുക്കില്ലാതെ പോയതും അത് തന്നെയാണ് .

Related Blogs