കുവൈത്തിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ അറ്റാദായത്തില്‍ ഇടിവ്

  • 05/08/2024


കുവൈത്ത് സിറ്റി: വരുമാനത്തിലുണ്ടായ ഇടിവും ചെലവിലെ വർധനവും കാരണം കുവൈത്തിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ അറ്റാദായം 2024 ആദ്യ പകുതിയിൽ പ്രതിവർഷം 35.78 ശതമാനം കുറഞ്ഞു. കുവൈത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ച് കമ്പനികൾ ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 10.66 മില്യണ്‍ ദിനാർ അറ്റാദായം രേഖപ്പെടുത്തി. 2023ന്‍റെ ആദ്യ പകുതിയിൽ ഇത് 16.60 മില്യണ്‍ ദിനാറായിരുന്നു. 

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറപ്പെടുവിച്ച കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ കമ്പനികളുടെ വരുമാനം 11.63 ശതമാനം ഇടിഞ്ഞ് 39.14 മില്യണ്‍ ദിനാറായി. 2023 ലെ ഇതേ കാലയളവിലെ 44.29 മില്യണ്‍ ദിനാറായിരുന്നു. കറൻസി വിൽപ്പനയിൽ നിന്ന് 27.97 മില്യണ്‍ ദിനാർ, ബാങ്ക് പലിശയിൽ 2.24 മില്യണ്‍ ദിനാർ, മറ്റ് വരുമാനങ്ങളിൽ 8.93 മില്യണ്‍ ദിനാർ എന്നിങ്ങനെയാണ് എക്സ്ചേഞ്ച് കമ്പനികളുടെ വരുമാനം. ഈ കണക്കുകൾക്കിടയിലും 2021 സെപ്റ്റംബർ അവസാനം മുതൽ കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളുടെ എണ്ണം 32 എണ്ണമെന്ന നിലയില്‍ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

Related News