സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷ്ടിച്ച് പുറത്ത് വിറ്റു; രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

  • 07/08/2024


കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിലെ സൂപ്പർമാർക്കറ്റിലെ ഫാമിലി സപ്ലൈസ് വിഭാഗത്തിൻ്റെ ചുമതലയുള്ള രണ്ട് ഈജിപ്ഷ്യൻ അക്കൗണ്ടൻ്റുമാർക്ക് മോഷണക്കേസിൽ ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. 2021ൽ 49,000 കുവൈത്തി ദിനാറിന്റെ സാധനങ്ങൾ മോഷ്ടിച്ചതിന് അഞ്ച് വർഷം തടവും 1,49,000 ദിനാർ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അവർ ഈ സാധനങ്ങൾ മറ്റ് കടകളിൽ വിൽക്കുകയായിരുന്നു.

പബ്ലിക് പ്രോസിക്യൂഷന് നൽകിയ റിപ്പോർട്ടിൽ രണ്ട് പ്രതികൾ നടത്തിയ തട്ടിപ്പ് കണ്ടെത്തിയതായി ലീഗൽ കമ്മിറ്റി സ്ഥിരീകരിച്ചു. അവരെ ശിക്ഷിക്കണമെന്നും അപഹരിച്ച തുക (മോഷ്ടിച്ച വസ്തുക്കളുടെ മൂല്യം) തിരികെ നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ സാധനങ്ങൾ മോഷണം പോയതായി തെളിഞ്ഞതോടെ സൂപ്പർമാർക്കറ്റ് മാനേജ്‌മെൻ്റ് നിയമസഹായം തേടുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ തിരികെ നൽകിയ രേഖയിൽ കമ്പനി പ്രതിനിധിയുടെ വ്യാജ ഒപ്പും ഇവർ ഇട്ടതായി തുടർ അന്വേഷണത്തിൽ വ്യക്തമായി.

Related News