സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

  • 14/08/2024


കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധത്തിന് ഉറച്ച പിന്തുണ നൽകിയതിന് കുവൈത്തിലെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ആദർശ് സ്വൈക പറഞ്ഞു.

സ്വാതന്ത്ര്യത്തിൻ്റെ 78-ാം വാർഷികം ആഘോഷിക്കുമ്പോൾ, 'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വികസനത്തിനായുള്ള 25 വർഷത്തെ റോഡ്മാപ്പ്, വിഷൻ 2047ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നൽകിയിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി കഠിനമായി പ്രവർത്തിക്കേണ്ടത് എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്.

സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ നിരവധി നേട്ടങ്ങളിൽ നാം അഭിമാനിക്കുന്നുണ്ട്. സമത്വ വികസനത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയാണ് വിവിധ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനം. ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നീ തത്വങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. 'സർവധർമ്മ സംഭവ' (എല്ലാ മതങ്ങളുടെയും സമത്വം), 'വസുധൈവകുടുംബകം' (ലോകം ഒരു കുടുംബം) എന്നീ തത്ത്വചിന്തകളാലാണ് ഇന്ത്യയുടെ വിദേശ നയമെന്നും ഡോ. ആദർശ് സ്വൈക കൂട്ടിച്ചേർത്തു.

Related News