ഹമാസ് ബന്ദികളാക്കിയ 3 പേര്‍ 471 ദിവസങ്ങള്‍ക്ക് ശേഷം വീടണഞ്ഞു

  • 20/01/2025

471 ദിവസങ്ങള്‍ക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറണ്‍ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തല്‍ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്.

മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകള്‍ അസ്തമിച്ച്‌ തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. റോമിയുടെ അമ്മ മീരവ് സ്വന്തം മകള്‍ക്ക് വേണ്ടിമാത്രമല്ല, ബന്ദികളാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഎൻ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്.

2023 ഒക്ടോബർ ഏഴിനാണ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരത്വമുള്ള എമിലിയെ, കിബ്ബട്ട്സ് കെഫാർ ആസയില്‍ നിന്ന് ഹമാസ് ബന്ദിയാക്കിയത്. ആക്രമണസമയത്ത് എമിലിയുടെ അമ്മ മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലായിരുന്നു. ഒരു സുരക്ഷിത മുറിയില്‍ ഒളിച്ചിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

2024 മാർച്ച്‌ വരെ എമിലിയെ കുറിച്ച്‌ കുടുംബത്തിന് യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല. മകളുടെ മോചനത്തിന്റെ വിവരമറിഞ്ഞപ്പോള്‍ "എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്. പക്ഷേ അവളെ കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല." എന്നായിരുന്നു മാൻഡി പറഞ്ഞത്.

Related News