ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

  • 16/06/2025

ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ ( container ) അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍ ( MV Wan Hai 503 ) നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്ബലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ചെല്ലാനം കടല്‍ഭിത്തിയിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞിട്ടുള്ളത്.

അമ്ബലപ്പുഴയില്‍ അടിഞ്ഞ വാതക കണ്ടെയ്നറില്‍ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നേരത്തെ ചരക്കുകപ്പലിലെ ലൈഫ് ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു.

Related News