മലമ്ബുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

  • 27/06/2025

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്ബുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ഇത്തവണ ആദ്യം തുറന്നത്. രാവിലെ പത്ത് പതിനഞ്ചോടെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 10.20 ഓടെയാണ് മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.

ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

Related News