സിദ്ധാര്‍ഥന്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടന്‍ കെട്ടിവെക്കണം, സര്‍ക്കാരിനോട് കടുപ്പിച്ച്‌ ഹൈക്കോടതി

  • 01/07/2025

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച 7 ലക്ഷം രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 10 ദിവസത്തിനുള്ളില്‍ തുക ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു വന്നതിന് മാസങ്ങള്‍ക്കുശേഷം റിട്ട് ഹര്‍ജിയുമായി എത്തിയതിന് കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. വൈകിയത് വിശദമാക്കി ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

സിദ്ധാര്‍ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 2024 ഒക്ടോബര്‍ ഒന്നിനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയില്ല. തുടര്‍ന്ന് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് കമ്മീഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് ഓടിയത്. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. 

Related News