നിപ സമ്ബര്‍ക്കപ്പട്ടികയില്‍ 425 പേര്‍; അഞ്ച് പേര്‍ ഐസിയുവില്‍, പനി സര്‍വൈലന്‍സ് നടത്തും

  • 05/07/2025

സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നതായി ആരോഗ്യ വകുപ്പ്. രോഗ ബാധ സ്ഥിരീകരിച്ച രണ്ടാം ദിനത്തില്‍ സംസ്ഥാനത്തെ നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് നിപ രോഗ ബാധ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. ഇവരുടെ വീട്ടിലെ രണ്ട് പേര്‍ക്ക് കൂടി പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തൂടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്ബര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിന് ശേഷമാണ് രോഗ ബാധ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്ബിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

Related News