'ഒരു സിനിമയെടുക്കുന്നുണ്ട്, ആണ്‍ദൈവങ്ങളെത്ര? പെണ്‍ദൈവങ്ങളെത്ര?'; സെന്‍സര്‍ബോര്‍ഡിനോട് പട്ടിക ആവശ്യപ്പെട്ടൊരു വിവരാവകാശ രേഖ

  • 11/07/2025

സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച്‌ അപേക്ഷ നല്‍കിയത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസങ്ങള്‍ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് അപേക്ഷ നല്‍കിയത്.

ബോര്‍ഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്ബോള്‍ ജാഗ്രത പുലര്‍ത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ആ നിഗമനത്തിലേയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.

തന്റെ സിനിമയില്‍ ലൈംഗിക ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തെരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഇവ ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും അപേക്ഷയില്‍ വിശദീകരിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു. ഇതില്‍ ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരീഷ് പറയുന്നു.

Related News