ഡ്രൈവറുമായി വഴിവിട്ട ബന്ധമാരോപിച്ച്‌ വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; വിവാദം, ഒടുവില്‍ തിരുത്ത്

  • 12/07/2025

ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്‌ വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഗതാഗത വകുപ്പിന്റെ തിരുത്ത്. വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്യാനുളള നിര്‍ദേശം പിന്‍വലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഇത് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്‌ആര്‍ടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയര്‍ന്നിരുന്നു.

കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രി കെ ബി ഗണേഷ് കുമാറിനു പരാതി നല്‍കിയിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണിലെ വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ സഹിതമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ചീഫ് ഓഫിസ് വിജിലന്‍സിന്റെ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചു, ഡ്രൈവറുടെ മൊബൈല്‍ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളില്‍ ഇറക്കിവിട്ടില്ല, യാത്രക്കാര്‍ തന്നെ ബെല്ലടിച്ച്‌ ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Related News