നിപ സ്ഥീരീകരിച്ചയാള്‍ സഞ്ചരിച്ചതേറെയും കെഎസ്‌ആര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്ബര്‍ക്കപ്പട്ടികയില്‍ ആശങ്ക

  • 13/07/2025

പാലക്കാട് നിപ ബാധിച്ച്‌ മരിച്ചയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ആശങ്ക. മരിച്ച 57കാരന്‍ കൂടുതലായും യാത്ര ചെയ്തത് കെഎസ്‌ആര്‍ടിസി ബസ്സിലാണ്. ഇതുവരെ 46 പേരാണ് സമ്ബര്‍ക്കപ്പെട്ടികയില്‍ ഉള്ളത്. മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ ഉണ്ട്.

ഇതോടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താത്കാലികമായി അടച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മൂന്ന് സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്ബര്‍ക്കപ്പട്ടിക നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നിലവില്‍ ആരോഗ്യസമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. നിപ ബാധിച്ച്‌ മരിച്ചയാളുടെ അടുത്ത ബന്ധുക്കളില്‍ രണ്ട് പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.

Related News