ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് നോട്ടീസ്

  • 27/07/2025

ഛത്തീസ്ഗഢില്‍ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ജോലിക്ക് എത്തിയവരെ കോണ്‍വെന്‍റിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് ഛത്തീസ്ഗഢിലെ ദുര്‍ഗ്ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിനുശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും(സിബിസിഐ) ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. നിലവില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇവര്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും ചുമത്താന്‍ ശ്രമം നടക്കുന്നുവെന്നു സഭാ വൃത്തങ്ങള്‍ ആരോപിക്കുന്നു. വിഷയം പാര്‍ലമെന്റിലും ഉയര്‍ത്താനുള്ള നീക്കത്തിലാണു കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ആന്റോ ആന്റണി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related News