93 കൊലപാതകം; അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലർ മരിച്ചു

  • 31/12/2020


വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ (80) മരണത്തിന് കീഴടങ്ങി. ഡിസംബർ 29ന് രാവിലെ ആശുപത്രിയിൽ മരിച്ചതായി കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ആന്റ് റിഹബിലിറ്റേഷൻ വക്താവ് അറിയിച്ചു.

ജയിലിൽ പരോൾ ഇല്ലാതെ 2014 മുതൽ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു സാമുവൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സാമുവൽ മക്‌ഡൊവൽ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്.ലോകത്ത് നടന്നിട്ടുള്ളതിൽ സീരിയൽ കില്ലിംഗ് കേസുകളിൽ തന്നെ ഏറ്റവും ഭീകരനെന്ന് അറിയപ്പെടുന്ന കൊലയാളിയാണ് സാമുവൽ. 1970 മുതൽ 2005 വരെ 93 പേരെ കൊലപ്പെടുത്തിയെന്നാണ് കണക്കുകൾ പറയുന്നത്. ഇക്കാര്യം  അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.

1956 ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് സാമുവലിനെ ആദ്യമായി ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ദുർഗുണപരിപാലന ശാലയിൽ പാർപ്പിച്ചു. 1975ൽ 11 സംസ്ഥാനങ്ങളിലായി നടത്തിയ കുറ്റകൃത്യങ്ങൾക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 2012ൽ മയക്കുമരുന്ന് കേസിൽ  പിടിയിലാകുമ്പോഴാണ് കൊലപാതക പരമ്പര പുറത്തുവരുന്നത്.

ഓരോ തവണ ജയിൽ മോചിതനാകുമ്പോഴും ഇയാൾ കൊലപാതകങ്ങൾ ചെയ്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബോക്‌സർ കൂടിയായ സാമുവൽ കൊലപ്പെടുത്തിയവരിൽ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരേയും ലൈംഗിക തൊഴിലാളികളേയും ആയിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയത് സാമുവലാണെന്ന് ടെക്‌സസ് കോടതി സ്ഥിരീകരിച്ചിരുന്നു.

Related News