ബിറ്റ്കോയിൻ: മുന്നറിയിപ്പ് നല്‍കി കുവൈത്ത് സെൻട്രൽ ബാങ്ക്

  • 22/02/2021

കുവൈത്ത് സിറ്റി :  ബിറ്റ്കോയിൻ പോലുള്ള വിർച്വൽ കറൻസികൾ വിനിമയം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വിർച്വൽ കറൻസികൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അവയുടെ മൂല്യത്തിൽ ഉറപ്പ് തരാൻ സാധിക്കില്ലെന്നും സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. ക്രിപ്റ്റോ കറന്‍സിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്തരുതെന്ന് പ്രാദേശിക ബാങ്കുകളോടും കമ്പനികളോടും കുവൈത്ത് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. അതോടപ്പം ബിറ്റ്കോയിൻ കറൻസിയിൽ നിക്ഷേപിക്കുന്നതിന് വ്യക്തികള്‍ക്കോ  സ്ഥാപനത്തിനോ  ധനസഹായം നല്‍കരുതെന്നും സെൻട്രൽ ബാങ്ക് നിര്‍ദ്ദേശം നല്‍കി. 

വിവരസാങ്കേതി വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കുന്ന സാങ്കൽപിക കറൻസിയാണ് ബിറ്റ് കോയിൻ. കംമ്പ്യൂട്ടർ ശൃംഖലകളിൽ മാത്രം നിലനിൽക്കുന്നവയാണ് ഇവ. അതീവ രഹസ്യരീതിയിലുള്ള കോഡ് ഭാഷയിലൂടെയാണ് ബിറ്റ് കോയിൻ രൂപപ്പെടുന്നത്. നിശ്ചിത എണ്ണം ബിറ്റ്കോയിൻ കറൻസികളെ ഉള്ളൂ എന്നതിനാൽ ഇവയ്ക്ക് നാൾക്കുനാൾ വില വർധിച്ചു വരികയാണ്. രാജ്യത്തിൻെറ അതിർത്തികളോ നിയന്ത്രണങ്ങളോ ഇല്ലാതെ നടക്കുന്ന ബിറ്റ്കോയിൻ ഇടപാടുകളിൽ ഇടപാടുകാരെല്ലാം അജ്ഞാതരായാണ് വിനിമയം നടത്തുന്നത്.  കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ ലോകത്തില്‍ ആദ്യമായി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 50,000 ഡോളറിലെത്തി. ഈ വര്‍ഷം ഇതുവരെ ബിറ്റ്‌കോയിന്‍ 67 ശതമാനം ഉയര്‍ന്നു. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല 1.5 ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചതിന് ശേഷമാണ് മൂല്യം കുതിച്ചുയര്‍ന്നത്. 

Related News