സിവിൽ കാര്‍ഡുകള്‍ നശിപ്പിക്കില്ല; റിപ്പോർട്ട് തളളി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍

  • 02/11/2020

കുവൈറ്റ് സിറ്റി; നിരവധി സ്വദേശികളുടെയും പ്രവാസികളുടെയും സിവില്‍ ഐഡി കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ അധികൃതർ നശിപ്പിക്കുമെന്ന തരത്തിലുളള റിപ്പോർട്ട് തളളി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷൻ.  മൂന്ന് മാസത്തിലേറെയായിട്ടും സിവില്‍ ഐഡി കാര്‍ഡുകള്‍ സ്വീകരിക്കാത്ത രണ്ടു ലക്ഷത്തോളം സ്വദേശികളുടെയും പ്രവാസികളുടെയും കാര്‍ഡുകള്‍ നശിപ്പിക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ അധികൃതർ ഇത് പൂർണ്ണമായും തളളിക്കളയും, അടിസ്ഥാന  രഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

നിലവിലെ പ്രതികൂല സാഹചര്യത്തിലും ഐഡി കാര്‍ഡുകളുടെ പ്രോസസിങ് പൂര്‍ത്തിയാക്കാന്‍ അതോറിറ്റി ജീവനക്കാര്‍ വളരെയധികം ശ്രമിച്ചെന്ന് അതോറിറ്റിയിലെ പിആര്‍ ഡയറക്ടര്‍ അഹ്മദ് അല്‍ സബര്‍ വ്യക്തമാക്കി.  രാവിലെ 9 മുതല്‍ 10 വരെ അതോറിറ്റിയില്‍ നിന്ന് ബന്ധപ്പെട്ട പൗരന്മാരും പ്രവാസികളും സിവില്‍ ഐഡി കാര്‍ഡുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1889988  എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ കാര്‍ഡുകള്‍ അതോറിറ്റിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമെ അതോറിറ്റിയിലേക്ക് എത്താവുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News