കുവൈറ്റിൽ സാമ്പത്തിക പ്രതിസന്ധി; വായ്പയെടുക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് റിപ്പോർട്ട്

  • 06/11/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റ് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന ധന കമ്മി പരിഹരിക്കുന്നതിന് വായ്പയെടുക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് കുവൈത്തിന്റെ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കി. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം വായ്പയെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.  

കൊറോണ വൈറസ് വ്യാപനം,  എണ്ണവിലയിലെ ഇടിവ് എന്നിവ കുവൈത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വൻ സമ്മർദ്ദം ചെലുത്തി.  കൂടാതെ രാജ്യത്തിന്റെ ഏറ്റവും വലിയ കരുതൽ ധനമായ ജനറേഷൻ ഫണ്ടിലേക്ക് വാർഷിക  വരുമാനത്തിൽ 10% നൽകാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കുവൈത്തിന്റെ ബജറ്റ് കമ്മി 3.92 ബില്യൺ ദിനാർ (12.83 ബില്യൺ ഡോളർ) ആയിരുന്നു.
സാമ്പത്തിക വർഷത്തിലുണ്ടായ ധന കമ്മി, കൊവിഡ്  വൈറസ് പ്രതിസന്ധി എണ്ണ വിലയിലെ ഇടിവ് എന്നിവ കണക്കിലെടുക്കുകയാണെങ്കിൽ സർക്കാർ വായ്പ എടുക്കാൻ നിർബന്ധിതരായെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News