130ഓളം രാജ്യങ്ങളിലേക്ക് യാത്രചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക

  • 20/04/2021

വാഷിംഗ്‌ടൺ: ലോകത്തെ 130ഓളം രാജ്യങ്ങളിലേക്ക് യാത്രചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്കൻ ആഭ്യന്തര വകുപ്പ്. ലോകത്തെ ആകെ രാജ്യങ്ങളുടെ 80 ശതമാനത്തോളം വരുമിത്. ഈ രാജ്യങ്ങളിലെത്തുന്ന പൗരന്മാർക്ക് മുൻപെങ്ങുമില്ലാത്തവിധം അപകടസാദ്ധ്യതയാണ് എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ലോകമാകെ കൊറോണ വ്യാപനം രൂക്ഷമായതോടെയാണ് അമേരിക്കൻ ഭരണകൂടം ഈ തീരുമാനമെടുത്തത്.

മുൻപുതന്നെ 34ഓളം രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് പലവിധ കാരണങ്ങളാൽ അമേരിക്ക പൗരന്മാരെ വിലക്കിയിട്ടുള‌ളതാണ്. ഛാഡ്, കൊസോവൊ, കെനിയ, ബ്രസീൽ, അർജന്റീന, ഹെയ്‌തി, മൊസാമ്ബിക്, റഷ്യ, ടാൻസാനിയ എന്നീ രാജ്യങ്ങൾ ലെവൽ നാല് വിഭാഗത്തിൽ പെടുന്ന ഒരുകാരണവശാലും അമേരിക്കക്കാർ പോകാൻ പാടില്ലാത്ത രാജ്യങ്ങളാണ്.

നിലവിലെ വിവിധ രാജ്യങ്ങളിലെ കൊറോണ രോഗാവസ്ഥ പഠനവിധേയമാക്കിയ ശേഷമാണ് യാത്രാനിരോധനം നിലവിൽ വന്നിരിക്കുന്നത്. ഒപ്പം വിവിധ വിഷയങ്ങളിൽ രാജ്യങ്ങളുമായുള‌ള തർക്കവും നിരോധനത്തിന് കാരണമായി. റഷ്യയ്‌ക്ക് പുറമേ ചൈന, ഇറാൻ, ബ്രസീൽ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ആദ്യം തന്നെഅമേരിക്ക പൗരന്മാർ യാത്ര ചെയ്യുന്നത് വിലക്കി.

ഇത്രയധികം രാജ്യങ്ങളിലേക്ക് എത്രനാൾ യാത്രാനിരോധനമുണ്ടാകുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചിട്ടില്ല. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യാമെന്ന് അനുമതി നൽകിയെങ്കിലും രാജ്യത്തെ കൊവിഡ് സ്ഥിതിഗതി മൂലം യാത്ര ചെയ്യുന്നത് അഭികാമ്യമല്ലെന്നും അമേരിക്ക അറിയിച്ചു.

Related News