കൊറോണ മരണനിരക്ക് റെക്കോർഡിലേക്ക് ; സമ്പൂർണ്ണ ലോക്ക് ഡൗണിനൊരുങ്ങി പാകിസ്ഥാൻ

  • 28/04/2021

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. പാകിസ്താനിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 800,000 കടന്നു. മരണസംഖ്യയാവട്ടെ 17,530 കഴിഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂൺ റിപോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാകിസ്താനിൽ 201 ലേറെ മരണങ്ങളാണ് റിപോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം രാജ്യത്ത് കൊറോണ പടർന്നശേഷം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നാണ്.

നാഷണൽ കമാൻഡ് ആന്റ് ഓപറേഷൻ സെന്റർ(എൻസിഒസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,292 പേർ കൊറോണ പോസിറ്റീവായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 810,231 ആയി. പോസിറ്റീവിറ്റി നിരക്ക് 10.77 ശതമാനമാണ്.

കൊറോണ വൈറസ് ബാധിച്ച നഗരങ്ങളിൽ സർക്കാർ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൂചിപ്പിക്കുകയും ലോക്ക്ഡൗൺ സമയത്ത് ഭക്ഷ്യവസ്തുക്കൾ സുഗമമായി വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മനുഷ്യത്വപരമായ കാരണത്താൽ കൊറോണ രോഗികൾക്കായി പാകിസ്താനിലേക്ക് ഓക്‌സിജൻ കയറ്റുമതി ചെയ്യാൻ ഇറാനോട് ആവശ്യപ്പെടുമെന്ന് ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഡോൺ റിപോർട്ട് ചെയ്തു.

Related News