കോവിഡ് ആത്മഹത്യ; കോടതി ഉത്തരവ് പ്രകാരം മരണക്കണക്ക് പുതുക്കും: മന്ത്രി

  • 14/09/2021പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാൾ കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കോവിഡ് കണക്കിൽപെടുത്തണമെന്നാണ്. കോവിഡ് ബാധിച്ചവർ ആത്മഹത്യ ചെയ്താലും കണക്കിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശവും കണക്കിലെടുത്തു സംസ്ഥാനത്തിന്റെ  മാർഗരേഖ പുതുക്കും.

മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കൾക്ക് പരാതി ഉണ്ടെങ്കിൽ അവയും പരിശോധിക്കും. ചിലപ്പോൾ മരണക്കണക്കിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. കോവിഡ് മൂന്നാംതരംഗത്തെ നേരിടാൻ സംസ്ഥാനം വേണ്ട മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സമ്പൂർണ വാക്സിനേഷനിലേക്ക്  നീങ്ങുകയാണ്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരിൽ പത്തു ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് (ബ്രേക്ക്ത്രൂ കേസുകൾ). ഇവർക്ക് രോഗം ഗുരുതരമാകുന്നില്ല.

അതുകൊണ്ടു കോവിഡ് പ്രതിരോധത്തിനു വാക്സീൻ നിർണായകമാണ്. 18 വയസ്സിനു മുകളിൽ ഉള്ളവരിൽ 80 ശതമാനം പേർക്കും വാക്സീൻ നൽകാൻ കഴിഞ്ഞു. കേന്ദ്രത്തിൽനിന്ന് 13 ലക്ഷം വാക്സീൻ കൂടി ലഭിക്കും. മൂന്നാംതരംഗം മുന്നിൽകണ്ട് എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളിൽ പീഡിയാട്രിക് ഐസിയു ഒരുക്കിയിട്ടുണ്ട്.

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാലും അതീവ ജാഗ്രത ഉണ്ടാകണം. മാസ്ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകണം. ആളുകൾ ഒത്തുകൂടുന്നത്  കർശനമായി നിയന്ത്രിക്കണം. പൊതുപരിപാടികളിൽ  20 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Related News