'വിദ്യാർത്ഥികൾക്കും കൊവിഡ്, എന്നാലും പരീക്ഷ നടത്തും', കടുംപിടുത്തവുമായി ആരോഗ്യ സർവകലാശാല

  • 23/01/2022

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റെല്ലാ സർവ്വകലാശാലകളും പരീക്ഷകൾ മാറ്റിവയ്ക്കുമ്പോൾ വിദ്യാർത്ഥികളെ വലച്ച് കേരള ആരോഗ്യ സർവ്വകലാശാല. നേരത്തെ നിശ്ചയിച്ചത് പ്രകാരം, മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്തുമെന്ന സർവ്വകലാശാല തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കുൾപ്പെടെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

മൂന്നാംതരംഗത്തിൻറെ തീവ്രതയിൽ സ്‌കൂൾ മുതൽ സർവ്വകലാശാല തലം വരെ പരീക്ഷാകലണ്ടർ പുന: ക്രമീകരിക്കുമ്പോഴാണ് ആരോഗ്യസർവ്വകലാശാലയുടെ കടുംപിടുത്തം. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ തീവ്രമാണ് രോഗവ്യാപനം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ എങ്ങിനെ പരീക്ഷ എഴുതുമെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം.

തോറ്റാൽ ഒരു വർഷത്തോടൊപ്പം സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളാണ് നഷ്ടമാവുക. ഈ സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കാൻ തയ്യാറാവണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പ്രശ്‌നത്തിന്റെ ഗൗരവമുന്നയിച്ച് വിദ്യാർത്ഥികൾ സർവ്വകലാശാല വിസിക്ക് കത്തയച്ചിട്ടുണ്ട്. 

Related News