കുവൈത്തില്‍ ജനസംഖ്യാനുപാതികമായി തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ തുടരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍

  • 28/01/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ ജനസംഖ്യാനുപാതികമായി തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ തുടരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. പല തൊഴില്‍ മേഖലയിലും വിദേശ തൊഴിലാളികൾക്ക് പകരം സ്വദേശി  തൊഴിലാളികളെ നിയമിക്കാൻ സർക്കാരിന് കഴിയാന്‍ സാധിക്കാത്തത് തൊഴില്‍ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. കുവൈത്തികള്‍ ജോലി ചെയ്യാൻ തയ്യാറാകാത്ത മേഖലകളിൽ തൊഴിൽ വിപണിക്ക് നൂറുക്കണക്കിന്  തൊഴിലാളികളെയാണ് ആവശ്യമുള്ളത്.  ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ നിലവില്‍ ആയിരക്കണക്കിന് ഒഴിവുകളാണ് തൊഴിലാളികളുടെ ക്ഷാമത്തെ തുടര്‍ന്ന്  നികത്താനാവാതെ കിടക്കുന്നത്. 

കോവിഡിനെ തുടര്‍ന്നുള്ള വിദേശികളുടെ തിരിച്ചുപോക്കും രാജ്യത്തെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്ന്  ഇക്കണോമിസ്റ്റ് ഇന്റലിജൻസിന്‍റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പലായനം ഏറ്റവും കൂടുതല്‍ പ്രതിസന്ധി തീര്‍ത്തിരിക്കുന്നത് വിദേശികളുടെ കൂടുതല്‍ ആശ്രയിക്കുന്ന  സ്വകാര്യമേഖലയിലാണ്. വിദേശികൾ ചെയ്യുന്ന പല ജോലികളും ചെയ്യാൻ ഭൂരിഭാഗം കുവൈറ്റികളും ആഗ്രഹിക്കുന്നില്ല എന്നതാണ്  വസ്തുത. അതോടപ്പം സ്വകാര്യമേഖല കുറഞ്ഞ വേതനം കൈപറ്റുന്ന വിദേശ തൊഴിലാളികളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വിദേശികളെ അപേക്ഷിച്ച് സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന അവസ്ഥ ചിലവ് വര്‍ദ്ധിപ്പിക്കുകയും കോർപ്പറേറ്റ് മാർജിനുകളെയുമാണ്‌  ബാധിക്കുന്നത്. 

അതിനിടെ രാജ്യത്ത്  സ്വദേശി വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ ശക്തമാക്കുവാനുള്ള ഒരുക്കത്തിലാണ് കുവൈത്ത്  സര്‍ക്കാര്‍. നിലവില്‍  രാജ്യത്തെ ജനസംഖ്യയുടെ 70% വിദേശികളാണ്. വിദേശ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷമായുള്ളത് ഇന്ത്യക്കാരാണ്.  6 ലക്ഷംവരുന്ന ഈജിപ്തുകാരാണ് വിദേശികളിൽ രണ്ടാം സ്ഥാനത്ത്. 2021-ൽ മാത്രം കുവൈത്ത് 18,000ലധികം പ്രവാസികളെ നാടുകടത്തിയപ്പോൾ 257,000 ത്തിലധികം പേർ സ്ഥിരമായി രാജ്യം വിട്ടു. കൊറോണ മഹാമാരിയുടെ അനന്തരഫലങ്ങളും  സ്വദേശിവല്‍ക്കരണവുമാണ്  വിദേശികള്‍ രാജ്യം വിട്ടുപോകുവാനുള്ള പ്രധാന കാരണങ്ങളെന്നാണ് കരുതപ്പെടുന്നത്. ഇപ്പോയത്തെ സാഹചര്യത്തില്‍ കുവൈറ്റൈസേഷൻ നയം നടപ്പാക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന്  അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഘട്ടം ഘട്ടമായി വിവിധ തൊഴില്‍ മേഖലകളില്‍  കുവൈത്തിവല്‍ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.  

പൊതുമേഖലയുമായി ബന്ധപ്പെട്ട കരാർ ജോലികളിൽ ഉൾപ്പെടെ സ്വദേശിവൽക്കരണം വ്യാപിപ്പിക്കുവാനും പദ്ധതിയുണ്ട്. സർക്കാർ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം ‌ലഭ്യമാക്കുന്നതിന് വാർഷിക പദ്ധതി കൊണ്ടുവരാനും നീക്കമുണ്ട്. സ്വകാര്യ  കമ്പനികളിലും ബാങ്കുകളിലും പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിലെയും മാനേജർ അടക്കമുള്ള ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുവാനുള്ള നീക്കം ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.അതിനിടെ  കുവൈറ്റൈസേഷൻ സ്വകാര്യ മേഖലയിലേക്കും വ്യാപിക്കുന്നത് രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളെ നഷ്ടപ്പെടുവാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സൗദി അറേബ്യ, യുഎഇ,ഖത്തര്‍, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങള്‍  വിദേശ  നിക്ഷേപം ആകർഷിക്കാൻ നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്.  സ്ഥിര താമസം, വിദേശ ഉടമസ്ഥാവകാശം അനുവദിക്കൽ തുടങ്ങിയ ആകര്‍ഷകമായ ഓഫറുകള്‍ ആയിരക്കണക്കിന് വിദേശികളെയാണ് ആ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്തെ  ബ്യൂറോക്രാറ്റിക് തടസ്സങ്ങളും കുടിയേറ്റ നിയമങ്ങളും വിദേശ നിക്ഷേപത്തെ തടയുകയും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നതായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

2021-ൽ 41,000 ഗാർഹിക തൊഴിലാളികൾ സ്ഥിരമായി രാജ്യം വിട്ടതായും ഗാര്‍ഹിക മേഖലയില്‍ തോഴിളികളുടെ ക്ഷാമം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വകാര്യ നഴ്‌സറികൾ സ്ഥാപിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും കുവൈറ്റ് സ്ത്രീകൾക്ക്  ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കണമെന്നും ഇക്കണോമിസ്റ്റ് ഇന്റലിജൻസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ ആധിപത്യമുള്ള റീട്ടെയിൽ, ഹെൽത്ത് കെയർ മേഖലകളിലെ ജോലികളില്‍ കൂടുതല്‍ കുവൈത്തി സ്ത്രീകളെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ട്. എങ്കിലും കൊറോണ പ്രതിസന്ധി തീര്‍ത്ത സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

Related News