ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് കോവിഡ് -19 ടീമുമായി കൂടിക്കാഴ്ച നടത്തി

  • 29/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് കോവിഡ് -19 ടീമുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രികളിലെ കേസുകള്‍ വർദ്ധിക്കുന്നതിന്‍റെയും മേഖലയിലെ ചില രാജ്യങ്ങളിലെ ആശങ്കാജനകമായ മരണങ്ങളുടെയും വെളിച്ചത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. 

ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. മുസ്തഫ രേധ, മെഡിക്കല്‍ സ്റ്റാഫുകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിലായി വിപുലമായ മെഡിക്കല്‍  സംവിധാനങ്ങളാണ്   കോവിഡ് ചികിത്സയ്ക്ക്‌ സജീകരിച്ചത്. ചികിത്സാ സൗകര്യത്തെക്കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ആവശ്യമെങ്കിൽ ഇപ്പോഴത്തെ  സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസ്താവിച്ചു. രാജ്യത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന  ആരോഗ്യ ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെയും കാര്യക്ഷമതയെയും മന്ത്രി അഭിനന്ദിച്ചു. 

Related News