ബസിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി യുവതി

  • 31/03/2022

കാസ‍​ർ​ഗോഡ്: സ്വകാര്യ ബസ് പണിമുടക്ക് ദിവസം കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ ഉപദ്രവിച്ചയാളെ യുവതി ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് തന്നെ ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണിൽവെച്ച് പിടികൂടിയത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെഎസ്ആ‍ർടിസി ബസിലായിരുന്നു ആരതി യാത്ര ചെയ്തത്. കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു. ബസിൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറി നിൽക്കാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ബസിലുള്ള മറ്റ് യാത്രക്കാര്‍ ആരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാൻ ബാഗില്‍നിന്ന് ഫോണെടുത്തു. ഇതിനിടെ പ്രതി രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തിരുന്നു. 

അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നി‍ർത്തിയതും അയാൾ ഉടനെ ഇറങ്ങിയോടി. വെറുതെ വിടില്ലെന്ന് തീരുമാനിച്ച ആരതി പിന്നാലെയോടി. 100 മീറ്റ‍ർ ഓടിയതോടെ അയാൾ ഒരു ലോട്ടറി കടയ്ക്ക് മുന്നിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേന നിൽപ്പുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ആരതി തൊട്ടടുത്തുള്ളവരോട് കാര്യം പറയുകയും ആളുകൾ ഇയാളെ പിടിച്ച് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന്  പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആരതിയുടെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം കൂടുതൽ പേരറിഞ്ഞത്. 

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് ആരതി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കോളേജിലെ എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു  ആരതി. നേരത്തെയും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും പൊലീസിൽ പരാതിപ്പെടാനായി ബസ്സിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ആൾ ഓടി രക്ഷപ്പെട്ടുവെന്നും ആരതി പറഞ്ഞു. വിവരം സാമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ ചലച്ചിത്ര നടി  നവ്യആ നായർ അടക്കമുള്ളവർ ആരതിയുടെ ധൈര്യത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

Related News