രണ്ടാം ക്ലാസുകാരനെ അയൽവാസി തട്ടിക്കൊണ്ടുപോയി; കുട്ടിയെ കണ്ടെത്തിയത് കൊടുങ്ങല്ലൂരില്‍ നിന്ന്

  • 31/03/2022

കൊടുങ്ങല്ലൂര്‍: മലപ്പുറം വളാഞ്ചേരിയില്‍നിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുവന്ന കേസില്‍ യുവാവിനെയും കുട്ടിയെയും കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസി ശ്രീനാരായണപുരം പൊരിബസാര്‍ സ്വദേശി അമ്പലക്കുളത്ത് വീട്ടില്‍ മുഹമ്മദ് ഷിനാസി(19)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രയിലാണ് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹർ ഹാം എന്ന ഏഴ് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. വളാഞ്ചേരി മൂന്നാക്കലിലെ അഫീല നവാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മുഹമ്മദ്  ഹർഹാം. കുട്ടിയെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്‌ലാറ്റിനു സമീപത്തെ വീട്ടിലായിരുന്നു ഷിനാസ് താമസിച്ചിരുന്നത്. പരിസരവാസികളുടെ പരാതിയെത്തുടര്‍ന്ന് താമസസ്ഥലത്തുനിന്ന് ഒഴിവാക്കിയതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍ നല്‍കിയിട്ടുള്ള മൊഴി.

പരാതി കിട്ടിയ ഉടൻ തന്നെ വളാഞ്ചേരി പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസ് അന്വേഷണം ആരംഭിച്ചതാണ് കുട്ടിയ 12 മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്താൻ സഹായിച്ചത്. സ്വഭാവദൂഷ്യത്തെ തുടർന്ന് 19 കാരനായ ഷിനാസിനെ ഫ്ലാറ്റിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ഷിനാസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ഈ യുവാവ് സംഭവ ദിവസം ഫ്ലാറ്റിൽ എത്തിയതായി അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിയെ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവൂയെന്ന് പൊലീസ് അറിയിച്ചു. 

Related News