സിൽവർ ലൈനിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നൽകാൻ തയ്യാർ

  • 02/04/2022

കോഴിക്കോട്: സിൽവർ ലൈനിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നൽകുന്നത്. അതിന് മുകളിൽ നൽകാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയിൽ പദ്ധതിയിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആവർത്തിച്ച, മുഖ്യമന്ത്രി കെ റെയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മാധ്യമങ്ങളെ രൂക്ഷ വിമർശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. 

ജനങ്ങളുടെ പ്രശ്‌നം വാർത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങൾക്കെതിരെ നിൽക്കുന്നവർക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങൾ സർക്കാരിനെതിരെ ശത്രുതാ മനോഭാവം പുലർത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിൻറെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. നിക്ഷിപ്ത താൽപര്യക്കാരെ തുറന്ന് കാട്ടാൻ കഴിയുന്നില്ല. മുൻപ് വികസനോന്മുഖ പത്ര പ്രവർത്തനമായിരുന്നു. ഭിലായ് സ്റ്റീൽ പ്ലാന്റ് അടക്കം വന്നത് ഇത്തരം പത്ര പ്രവർത്തനത്തിന്റെ കൂടി ഭാഗമായാണ്. ചെറിയ ചില കുടുംബങ്ങൾക്ക് വരുന്ന പ്രയാസങ്ങൾ അന്ന് വാർത്തയായില്ല.  

എഫ്എസിടി, ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാർത്തകൾ. ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുൻഗണന നൽകേണ്ടതെന്നും വികസന പത്ര പ്രവർത്തനം പത്ര പ്രവർത്തകർ പാടെ ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News