ശ്രീലങ്ക-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ മേല്‍ക്കൂര തകര്‍ന്നുവീണു

  • 30/06/2022

കൊളംബൊ: ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം പെയ്ത കനത്ത മഴയില്‍ ഗാലറിയിലെ മേല്‍ക്കൂര തകര്‍ന്നുവീണു. മഴയെ തുടര്‍ന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആര്‍ക്കും പരുക്കില്ല. കാറ്റില്‍ ഡഗൗട്ടിന്റെ ഒരു ഭാഗം തകര്‍ന്നു എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലേക്കെത്തുന്ന സമയമായിരുന്നു ഇത്. 

രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ നിലവില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റണ്‍സ് നേടിയിട്ടുണ്ട്. ഉസ്മാന്‍ ഖവാജ (67), കാമറൂണ്‍ ഗ്രീന്‍ (19) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (25), മാര്‍നസ് ലബുഷെയ്ന്‍ (13), സ്റ്റീവ് സ്മിത്ത് (6), ട്രാവിസ് ഹെഡ് (6) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്.

അതേസമയം, ടെസ്റ്റില്‍ റണ്ണൗട്ടായതിന് സഹതാരം ഉസ്മാന്‍ ഖവാജയോട് ദേഷ്യപ്പെട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ദേഷ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്നിംഗ്‌സില്‍ വെറും 6 റണ്‍സ് മാത്രമെടുത്ത് സ്മിത്ത് പുറത്തായിരുന്നു.


രമേശ് മെന്‍ഡിസിന്റെ പന്തില്‍ ഫ്‌ലിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്മിത്തിന്റെ പാഡില്‍ പന്തുകൊണ്ട്. ഇതോടെ ബൗളര്‍ എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്തു. ഈ സമയം സ്മിത്ത് സിംഗിള്‍ ഓടാന്‍ ശ്രമിച്ചു. മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാന്‍ ഖവാജയും ഓടാനായി ക്രീസ് വിട്ടിറങ്ങി. എന്നാല്‍, ഉടന്‍ താരം തിരികെ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് മടങ്ങി. ഈ സമയം, സ്മിത്ത് പിച്ചിനു നടുവിലെത്തിയിരുന്നു. ഖവാജ തിരികെ കയറിയതോടെ സ്മിത്ത് പിന്തിരിഞ്ഞോടിയെങ്കിലും കുശാല്‍ മെന്‍ഡിസിന്റെ ത്രോ സ്വീകരിച്ച് വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ല സ്മിത്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണൗട്ടായതിനു പിന്നാലെ താരം ഖവാജയുടെ നേരെ തിരിഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.

Related News