ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് നിർമിച്ച പുതിയ ബിയർ പുറത്തിറക്കി സിം​ഗപ്പൂർ

  • 01/07/2022




ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് നിർമിച്ച പുതിയ ബിയർ പുറത്തിറക്കി സിം​ഗപ്പൂർ. ന്യൂബ്രൂ എന്ന പേരിലാണ് റീസൈക്കിൾ ചെയ്ത മലിനജലം ഉപയോഗിച്ച് നിർമിച്ച ബിയർ പുറത്തിറക്കിയത്. രാജ്യത്തെ ദേശീയജല ഏജൻസിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സും തമ്മിൽ സഹകരിച്ചാണ് ബിയർ പുറത്തിറക്കിയത്. 2018 ലെ ഒരു വാട്ടർ കോൺഫറൻസിലാണ് ന്യൂ ബ്രൂ ആദ്യമായി അവതരിപ്പിച്ചത്.  

ഏപ്രിലിൽ സൂപ്പർമാർക്കറ്റുകളിലും ബ്രൂവർക്‌സ് ഔട്ട്‌ലെറ്റുകളിലും വിൽപ്പനയ്‌ക്കെത്തി. മലിനജലം സംസ്കരിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച വെള്ളമായ ന്യൂവാട്ടർ എന്ന വെള്ളമാണ് ബിയർ നിർമാണത്തിന് ഉപയോ​ഗിക്കുന്നത്. സുസ്ഥിര ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സിംഗപ്പൂർക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയർ എന്ന് അധികൃതർ പറഞ്ഞു. 

ന്യൂ ബ്രൂവിന്റെ ആദ്യ ബാച്ച് ബ്രൂവർക്സ് റെസ്റ്റോറന്റുകളിൽ ഇതിനകം തന്നെ വിറ്റുതീർന്നു. ജൂലൈ അവസാനത്തോടെ സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കുകൾ തീരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മറ്റൊരു ബാച്ച് നിർമ്മിക്കണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് വിപണി പ്രതികരണം വിലയിരുത്തുമെന്നും ബ്രൂവർ പറഞ്ഞു.

ഇത് ടോയ്‌ലറ്റ് വെള്ളത്തിൽ നിന്നാണ് നിർമ്മിച്ചതെന്ന് എനിക്ക് പറയാൻ കഴിയില്ല- ന്യൂ ബ്രൂ പരീക്ഷിക്കാൻ ബിയർ വാങ്ങിയ 58 കാരനായ ച്യൂ വെയ് ലിയാൻ പറഞ്ഞു. ഇത് സാധാരണ ബിയർ പോലെയാണ്, എനിക്ക് ന്യൂ ബ്രൂ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഇത് മലിനജലത്തിൽ നിന്നാണ് നിർമ്മിച്ചതെന്ന് പറഞ്ഞില്ലെങ്കിൽ, ആരും അറിയാനിടയില്ലെന്നും സാധാരണ ബിയറിന്റെ അതേ രുചിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ ഈ ആശയത്തോട് വിയോജിച്ചു. മലിനജലത്തിൽ നിന്ന് നിർമിച്ച ബിയർ ഉപയോ​ഗിക്കില്ലെന്നും സാധാരണ വെള്ളത്തിൽ നിർമിച്ചതേ ഉപ‌യോ​ഗിക്കൂവെന്നും ചിലർ പറഞ്ഞു. 

മലിനജലം സംസ്‌കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന് കടുത്ത എതിർപ്പുയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശയത്തിന് സിം​ഗപ്പൂരിൽ സ്വീകാര്യതയുണ്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കണക്കനുസരിച്ച് 2.7 ബില്യൺ ആളുകൾക്ക് വർഷത്തിൽ ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്യ 

പരിമിതമായ ശുദ്ധജല സ്രോതസ്സുകളുള്ള ഇസ്രായേൽ, സിംഗപ്പൂർ തുടങ്ങിയ വികസിത രാജ്യങ്ങൾ അവരുടെ ജല ഉപയോ​ഗത്തിലും സംസ്കരണത്തിലും സാങ്കേതികവിദ്യ നന്നായി ഉപയോ​ഗിക്കുന്നുണ്ട്. ലോസ് ഏഞ്ചൽസ്, ലണ്ടൻ തുടങ്ങിയ നഗരങ്ങളും സിം​ഗപ്പൂരിനെയിം ഇസ്രായേലിനെയും മാതൃകയാക്കാൻ ശ്രമിക്കുന്നു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് മലിനജലം അണുവിമുക്തമാക്കുകയും മാലിന്യം നീക്കാനായി നൂതനമായ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുകയും ചെയ്താണ് സിം​ഗപ്പൂരിൽ മലിനജലം സംസ്കരിച്ച് കുടിവെള്ളമായ ന്യൂവാട്ടർ NEWater നിർമ്മിച്ചിരിക്കുന്നത്.

Related News