കുപ്രസിദ്ധ വേട്ടക്കാരൻ റിയാൻ നൗഡ് വെടിയേറ്റ് മരിച്ചു

  • 05/07/2022



ആനകളെയും സിംഹങ്ങളെയും കൊല്ലുന്നതിൽ കുപ്രസിദ്ധനായ വേട്ടക്കാരൻ സൗത്ത് ആഫ്രിക്കയിൽ വെടിയേറ്റ് മരിച്ചു. ക്രൂഗർ നാഷണൽ പാർക്ക് വൈൽഡ് ലൈഫ് റിസർവിന്റെ ഭാഗമായ ലിംപോപോയിലെ മാർക്കൻ റോഡിലാണ് 55 -കാരനായ റിയാൻ നൗഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തന്നെ വാഹനത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

വിവിധ റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മമ്പസ്വ സീബി പറഞ്ഞത് ഇയാളുടെ തലയിലും മുഖത്തും രക്തമുണ്ടായിരുന്നു എന്നാണ്. ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും കാരണം വ്യക്തമായിട്ടില്ല എന്നും സീബി പറഞ്ഞു. 

വടക്കൻ ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നൗഡിന്റെ കമ്പനിയായ 'പ്രോ ഹണ്ട് ആഫ്രിക്ക' ആളുകൾക്ക് ഹണ്ടിം​ഗും എക്കോ സഫാരിയും വാ​ഗ്ദ്ധാനം ചെയ്യുന്ന കമ്പനിയാണ്. 'വീ ആർ യുവർ ആഫ്രിക്കൻ ഡ്രീം' എന്ന് പറഞ്ഞാണ് ഇവർ ആളുകളെ സ്വാ​ഗതം ചെയ്യുന്നത്. വിവിധ നിരക്കുകളിൽ ഇവിടെ മൃ​ഗങ്ങളെ വേട്ടയാടാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്.

വേട്ടയാടാനുപയോ​ഗിക്കുന്ന തരത്തിലുള്ള രണ്ട് റൈഫിളുകൾ, വസ്ത്രങ്ങൾ, വെള്ളം, വിസ്‌കി, പൈജാമ എന്നിവ ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയതായി മരോല മീഡിയ റിപ്പോർട്ട് ചെയ്തു. കൂടെയുണ്ടായിരുന്ന ആൾ തന്നെയാവണം നൗഡിനെ വെടിവച്ച് കൊന്നതെന്നും പറയുന്നുണ്ട്.

നൗഡിൻ നേരത്തെ താൻ വേട്ടയാടിയിരുന്ന ആന, സിംഹം, ജിറാഫ് എന്നിവയുടെ മൃതദേഹത്തിനരികിൽ നിന്നുമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. 

Related News