ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ചില ജില്ലകളിൽ മഴയ്ക്ക് സാധ്യത

  • 17/04/2023

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അതേസമയം മറ്റ് ഏഴ് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

ഇന്ന് പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാനാണ് സാധ്യത. താപനില കൂടാൻ സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ 3 മണി വരെ ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറത്തിറക്കിയ മഴ പ്രവചനം അനുസരിച്ച് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത ഉള്ളത്. നാളെയും ഏഴ് ജില്ലകൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Related News