ഉത്സവത്തിനിടെ സംഘർഷം, പിന്നാലെ വീടുകയറി സ്ത്രീകളെ ആക്രമിച്ചു; മൂന്ന് പ്രതികൾ പിടിയിൽ

  • 18/04/2023

അമ്പലപ്പുഴ: വീടുകയറി സ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവൽ അജിത്ത് (36), ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ രാഹുൽ രാജ് (33), കാക്കാഴം പുതുവൽ സുധിലാൽ (29) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗറിലെ സച്ചിൻറെ വീട് അന്വേഷിച്ചെത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. 

സച്ചിൻറെ മാതാവ് പ്രീതി (47) മുത്തശ്ശി ശോഭന (67), സഹോദരി മീനു (31) ബന്ധു ഗർഭിണി കൂടിയായ ശിൽപ (22)എന്നിവർക്കാണ് പരിക്കേറ്റത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൻറെ ഭാഗമായാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും പ്രതികൾ ആക്രമണം നടത്തിയിരുന്നു. ശിവരാത്രി മഹോത്സവത്തിൻറെ ഭാഗമായി നടന്ന താലപ്പൊലിക്കിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related News