'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി'; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

  • 18/04/2023

കായിക മേഖലയെ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് നാളെ തുടക്കമാകും. 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന വിപുലമായ പദ്ധതിയുടെ ഉദ്ഘാടനം, രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. കായിക ക്ഷമതാ മിഷൻ, തദ്ദേശ സ്ഥാപനതല സ്പോട്സ് കൗൺസിൽ, 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്നസ് സെന്ററുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വർഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും.

ആദ്യ ഘട്ടത്തിൽ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രമാണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അതാണ്പ്രധാനമായും തയ്യാറാക്കുക.

ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയ കോർട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായകമായ കേന്ദ്രം കൂടിയാകുമിത്. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയിൽ കളിക്കളം ഒരുക്കാൻ കഴിയുക. എന്നാൽ, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിർമ്മാണ ചുമതല.

Related News