വന്ദേ ഭാരത് 2 മിനിറ്റ് വൈകി; റെയിൽവേ ജീവനക്കാരനെതിരെ നടപടി

  • 18/04/2023

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻറെ ആദ്യ ട്രയൽ റണ്ണിനിടെ രണ്ട് മിനിറ്റ് താമസം വരുത്താൻ കാരണമായ ജീവനക്കാരനെതിരെ നടപടിയുമായി റെയിൽവേ. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്‌നൽ നൽകിയതോടെയാണ് വന്ദേ ഭാരത് രണ്ട് മിനിറ്റ് താമസിച്ചത്. ഇതിന് പിന്നാലെയാണ് മുതിർന്ന റെയിൽവേ ജീവനക്കാരനും റെയിൽവേ കൺട്രോളറുമായ കുമാറിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ നടപടി വിവാദമാവുകയും തൊഴിലാളി സംഘടനകൾ ഇടപെടുകയും ചെയ്തതിന് പിന്നാലെ സസ്‌പെൻഷൻ നടപടി പിൻവലിക്കുകയായിരുന്നു.

വേണാട് എക്‌സ്പ്രസും വന്ദേ ഭാരത് ട്രെയിനും പിറവം സ്റ്റേഷനിൽ ഒരേ സമയത്തായിരുന്നു എത്തിയത്. കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ വേണാട് എക്‌സ്പ്രസിന് സിഗ്‌നൽ നൽകുകയായിരുന്നു. ഇത് മൂലം വന്ദേ ഭാരത് ട്രെയിൻ രണ്ട് മിനിറ്റാണ് വൈകിയത്. അതേസമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിൻറെ രണ്ടാംഘട്ട പരീക്ഷ ഓട്ടം തുടങ്ങി. തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സർവ്വീസ് കാസർകോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസർകോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത.

കണ്ണൂർ വരെ ഏഴുമണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിൻറെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. ഏപ്രിൽ 14ന് വൈകുന്നേരം ആറ് മണിക്കാണ് വന്ദേഭാരത് ട്രെയിൻ കൊച്ചുവേളിയിലെ പ്രത്യേക യാർഡിലെത്തിയത്. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിൻറെ പരമാവധി വേഗത 180 കിലോ മീറ്ററാണ്.

Related News