വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്; തമ്പാനൂരിൽ നിന്ന് കാസർകോഡ് വരെ

  • 18/04/2023

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സർവ്വീസ് കാസർകോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസർകോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കണ്ണൂർ വരെ ഏഴുമണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിൻറെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.

അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിൻറെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിൻറെ കേരളത്തിലെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. 

നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിൻറെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.

Related News