കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത സുരക്ഷാ പിരിമുറുക്കങ്ങളുടെയും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ആക്രമണ സാധ്യതകളുടെയും പശ്ചാത്തലത്തിൽ, കുവൈറ്റിലേക്കുള്ള യാത്ര ഒഴിവാക്കാനും മിഡിൽ ഈസ്റ്റ് മേഖലയിലൂടെയുള്ള യാത്രകൾ പുനഃപരിശോധിക്കാനും തങ്ങളുടെ പൗരന്മാർക്ക് അമേരിക്കൻ എംബസി കടുത്ത മുന്നറിയിപ്പ് നൽകി.
മേഖലയിലെ സുരക്ഷാ അന്തരീക്ഷം അതീവ സങ്കീർണ്ണമായി തുടരുകയാണെന്ന് ഇന്ന് പുറപ്പെടുവിച്ച അടിയന്തിര സുരക്ഷാ മുന്നറിയിപ്പിൽ എംബസി വ്യക്തമാക്കി. മേഖലയിലുള്ള എല്ലാ യുഎസ് പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകളും വാർത്താവികാസങ്ങളും നിരന്തരം നിരീക്ഷിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈൻസുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് ഷെഡ്യൂളുകൾ കൃത്യമായി ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
കുവൈറ്റിലെ യുഎസ് എംബസിയുടെ കൺസുലാർ വിഭാഗം അമേരിക്കൻ പൗരന്മാർക്കായി പരിമിതമായ അടിയന്തിര സേവനങ്ങൾ മാത്രമേ നിലവിൽ നൽകുന്നുള്ളൂ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. വിസ പ്രൊസസിങ്, സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള അടിയന്തിരമല്ലാത്ത മറ്റ് കൺസുലാർ സേവനങ്ങൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, അർഹരായ അപേക്ഷകർക്കായി മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകൾ വഴിയോ അല്ലെങ്കിൽ ഡ്രോപ്പ് ബോക്സ് സൗകര്യം വഴിയോ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.



