കുവൈത്തിലെ മിന അബ്ദുള്ള മരുഭൂമി പ്രദേശത്ത് മദ്യക്കുപ്പികൾ ഭൂമിക്കടിയിൽ കുഴിച്ചിട്ട് സൂക്ഷിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
മിന അബ്ദുള്ള പോലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം മരുഭൂമി പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യാൻ സമീപിച്ചതോടെ കൈവശമുണ്ടായിരുന്ന സാധനങ്ങൾ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രാദേശികമായി നിർമ്മിച്ച മദ്യം മരുഭൂമിയിൽ ഭൂമിക്കടിയിൽ കുഴിച്ചിട്ട് സൂക്ഷിക്കുകയും ആവശ്യാനുസരണം പുറത്തെടുത്ത് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്തിരുന്നതായി ഇയാൾ സമ്മതിച്ചതായി റിപ്പോർട്ട് പറയുന്നു.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ 48 മദ്യക്കുപ്പികൾ പോലീസ് കണ്ടെത്തി. മദ്യവിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന വലിയ തുക പണവും ഇയാളുടെ കൈവശത്തുനിന്ന് പിടിച്ചെടുത്തു.പ്രതിയെ തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



