കുവൈറ്റ് സിറ്റി: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കൊറിയർ വഴി കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ കുവൈറ്റ് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ രണ്ട് പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് 2.3 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്.
ഷിപ്പിംഗ് രേഖകളിൽ ‘ബോഡി വാഷ്’ (Body Wash) എന്ന് രേഖപ്പെടുത്തിയിരുന്ന പാഴ്സലുകളിൽ കസ്റ്റംസ് ഇൻസ്പെക്ഷൻ ടീമിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുപ്പികൾക്കുള്ളിൽ സുതാര്യമായ ദ്രാവകം കണ്ടെത്തിയത്. തുടർന്ന് ഇതിന്റെ സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ ഇവ മാരക ലഹരിമരുന്നായ ‘കെമിക്കൽ ലിക്വിഡ്’ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 2.3 കിലോഗ്രാം തൂക്കം വരും. സംഭവത്തിൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഓഫീസുമായി ഏകോപിപ്പിച്ച് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. അതിർത്തികൾ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
