കുവൈത്ത്സിറ്റി: വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സെക്യൂരിറ്റി ക്യാമറകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും അവയുടെ പാസ്‌വേഡുകൾ പതിവായി പുതുക്കണമെന്നും കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. അത്യാധുനിക ഹോം ക്യാമറകളുടെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ നടത്തുന്ന ഹാക്കിംഗ് ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സിട്രയുടെ ഈ സുപ്രധാന നിർദ്ദേശം.
സുരക്ഷാ വീഴ്ചകൾ ചൂഷണം ചെയ്ത് ഇത്തരം ക്യാമറകൾ ഹാക്ക് ചെയ്യുന്ന സൈബർ അക്രമികൾ, ദൃശ്യങ്ങൾ മോശം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും, ക്യാമറകളുടെ സോഫ്റ്റ്‌വെയറുകൾ എപ്പോഴും കൃത്യമായി അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സിട്ര തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.



