കുവൈറ്റ് സിറ്റി: ഈദ് അൽ അദ്ഹയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, കുവൈത്തിന്റെ അമീർ, കിരീടാവകാശി, സർക്കാർ, ജനങ്ങൾ എന്നിവർക്കു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ് ഈദ് അൽ അദ്ഹയെന്ന് അവർ പറഞ്ഞു. മനുഷ്യസ്‌നേഹവും പരസ്പര ബഹുമാനവും ഐക്യവും ശക്തിപ്പെടുത്തുന്ന ആഘോഷമാണ് ഈദ് എന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലും ഈദ് വലിയ ഭക്തിയോടും സന്തോഷത്തോടും കൂടി ആഘോഷിക്കപ്പെടുന്നതായി അവർ പറഞ്ഞു. കുടുംബങ്ങൾ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ആശംസകൾ കൈമാറുകയും ദരിദ്രർക്കായി സഹായങ്ങൾ നൽകുകയും ചെയ്യുന്നത് ഇന്ത്യയുടെ ഐക്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പ്രതിഫലനമാണെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയും കുവൈറ്റും ദീർഘകാല സൗഹൃദബന്ധം പങ്കിടുന്ന രാജ്യങ്ങളാണെന്നും, 2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനത്തോടെ ഈ ബന്ധം തന്ത്രപ്രധാന പങ്കാളിത്തമായി ഉയർന്നുവെന്നും അംബാസഡർ പറഞ്ഞു.കുവൈറ്റിൽ താമസിക്കുന്ന 10 ലക്ഷത്തിലധികം ഇന്ത്യൻ സമൂഹത്തിന് കുവൈറ്റ് നൽകുന്ന പിന്തുണക്കും പരിചരണത്തിനും അവർ നന്ദി അറിയിച്ചു.

