കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിലെ കേന്ദ്ര പച്ചക്കറി-പഴം മാർക്കറ്റിലും അതിന് കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളിലുമായി പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി വ്യാപകമായ പരിശോധന നടത്തി. മേഖലയിലെ ഇരുനൂറ്റി എൺപതോളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം ഒരേസമയം കർശന നിരീക്ഷണം നടത്തിയത്. പരിശോധനയിൽ വിവിധ ഭക്ഷ്യ സംഭരണ ശാലകളിൽ നിന്നായി 52 നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി രേഖപ്പെടുത്തി.
ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള കർശന നിയമപ്രകാരം അടിയന്തിര നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ജഹ്‌റ ഗവർണറേറ്റിലുടനീളം വരും ദിവസങ്ങളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകൾ തുടരുമെന്ന് പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി വ്യക്തമാക്കി.
