കുവൈത്ത് സിറ്റി: അമിതവേഗത വലിയ അപകടങ്ങളിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തിൽ, വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത ശിക്ഷാനടപടികളുമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. സാധാരണയായി വാരാന്ത്യങ്ങളിലാണ് അമിതവേഗത മൂലമുള്ള നിയമലംഘനങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതെന്നും ഇത്തരം ലംഘനങ്ങൾക്ക് വാഹനം പിടിച്ചെടുക്കൽ, തടവ് ശിക്ഷ, വിദേശികളാണെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബൂഹസ്സൻ മുന്നറിയിപ്പ് നൽകി.
. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പ്രധാന ഹൈവേകളിൽ വേഗപരിധി ലംഘിച്ച 94 വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.ഹൈവേകളിലെ നിശ്ചിത വേഗപരിധി മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയാണെന്നും, ഈ പരിധിയേക്കാൾ 30 കിലോമീറ്റർ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിദേശികളായ (പ്രവാസികൾ) ഡ്രൈവർമാർ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിച്ചാൽ അവരെ നിയമനടപടികൾക്ക് ശേഷം രാജ്യത്തുനിന്ന് നാടുകടത്തും.മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് സൈറ്റേഷൻ നൽകുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതിനൊപ്പം അവരെ നേരിട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യും.
മണിക്കൂറിൽ 200 കിലോമീറ്ററോ അതിലധികമോ വേഗതയിൽ പായുന്നവർക്കെതിരെ അതീവ ഗുരുതരമായ നടപടികളുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുന്നതിനൊപ്പം ഇവർക്ക് തടവ് ശിക്ഷയും നേരിടേണ്ടി വരും.നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുന്ന മുറയ്ക്ക്, ഇത്തരം അതീവ അപകടകരമായ നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ ട്രാഫിക് പിഴകൾക്ക് പുറമെ കടുത്ത നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുമെന്ന് ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബൂഹസ്സൻ ആവർത്തിച്ചു വ്യക്തമാക്കി.

