കുവൈറ്റ് സിറ്റി:കുവൈറ്റിലെ കാപ്പിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സീഫ്രണ്ട് ഫുഡ് ഇൻസ്പെക്ഷൻ സെന്റർ, ആഭ്യന്തര മന്ത്രാലയവുമായും കുവൈറ്റ് മുനിസിപ്പാലിറ്റിയുമായും സഹകരിച്ച് നടത്തിയ കർശനമായ ഫീൽഡ് പരിശോധനയിൽ വൻതോതിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
വിപണിയിൽ വിതരണം ചെയ്യാൻ തയ്യാറാക്കി വെച്ചിരുന്ന 234 കിലോഗ്രാമോളം വരുന്ന ഫ്രോസൺ ചെമ്മീനാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. എവിടെ നിന്നാണ് ഇവ എത്തിച്ചതെന്നതിന് കൃത്യമായ രേഖകൾ ഉണ്ടായിരുന്നില്ല.തണുപ്പിച്ചു സൂക്ഷിച്ചിരുന്ന ഈ ചെമ്മീൻ സാധാരണ താപനിലയിലെത്തിച്ച് പുതിയതാണെന്ന രീതിയിൽ പ്രാദേശിക വിപണികളിൽ വീണ്ടും വിൽക്കാൻ തയാറാക്കുന്നതിനിടയിലാണ് അധികൃതർ പിടികൂടിയത്. ഇത് നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്.
നിയമലംഘനം കണ്ടെത്തിയ ഉടൻ തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നശിപ്പിച്ചു കളയാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി സ്ഥിരീകരിച്ചു.ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനം തടയുന്നതിനും വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം അപ്രതീക്ഷിത പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
