കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളും അഗ്നിശമന പ്രതിരോധ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിയേറ്ററുകളിൽ വ്യാപക പരിശോധനയുമായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ്.
ഇതിന്റെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിലെ വിവിധ തിയേറ്ററുകളിൽ ഫയർ ഫോഴ്സിന്റെ പ്രിവൻഷൻ സെക്ടർ വ്യാഴാഴ്ച വൈകുന്നേരം പ്രത്യേക പരിശോധന ക്യാമ്പയിൻ നടത്തി. അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും അഗ്നിബാധ ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി പ്രിവൻഷൻ സെക്ടർ നടപ്പിലാക്കി വരുന്ന സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
തിയേറ്ററുകളിലെ അടിയന്തിര എക്സിറ്റ് വഴികൾ, അഗ്നിശമന ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി വിലയിരുത്തി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.

