കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനുമായി പ്രഖ്യാപിച്ച താൽക്കാലിക വിസ മാറ്റത്തിനുള്ള ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഓർമ്മിപ്പിച്ചു. നിർദ്ദിഷ്ട നിബന്ധനകൾക്ക് വിധേയമായി, നിലവിൽ നിയന്ത്രണങ്ങളുള്ള ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറ്റാൻ അനുവാദം നൽകുന്നതാണ് ഈ താൽക്കാലിക ഇളവ്.കഴിഞ്ഞ മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ആനുകൂല്യം 2026 ജൂൺ 30 വരെ മാത്രമായിരിക്കും ലഭ്യമാകുക. സാമ്പത്തികവും പ്രവർത്തനപരവുമായ മാറ്റങ്ങൾക്ക് അനുസൃതമായി തൊഴിൽ വിപണിക്ക് കൂടുതൽ വഴക്കവും കാര്യക്ഷമതയും നൽകുന്നതിനൊപ്പം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സുസ്ഥിരമായ ബന്ധം നിലനിർത്തുക കൂടി ലക്ഷ്യമിട്ടാണ് ഈ താൽക്കാലിക തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഈ പുതിയ ഇളവ് പ്രകാരം ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ നിശ്ചിത കാലയളവിനുള്ളിൽ മറ്റ് പൊതുമേഖലകളിലേക്ക് വിസ മാറ്റാൻ അനുവാദമുണ്ട്. തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ നടപടികൾ സുഗമമാക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാൽ ഈ വിസ മാറ്റത്തിന് നിലവിലുള്ള തൊഴിലുടമയുടെ അംഗീകാരം അനിവാര്യമാണെന്നും, ഇത് താൽക്കാലികമായ ഒരു ഇളവ് മാത്രമാണെന്നും സ്ഥിരമായ നയവ്യതിയാനമല്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രത്യേകം ഓർമ്മിപ്പിച്ചു.

