കുവൈത്ത് സിറ്റി: വേഗത്തിൽ വികസിച്ചു വരുന്ന താമസ മേഖലകളിൽ വിദ്യാഭ്യാസ സൗകര്യം ശക്തിപ്പെടുത്തുന്നതിനായി സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്കൂളുകൾ നിർമ്മിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.ജനസംഖ്യ സാന്ദ്രതയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ നടത്തി സ്കൂളുകളുടെ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
നഴ്സറി മുതൽ ഹൈസ്കൂൾ വരെ—ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും—എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് സ്ഥലപരിധികൾ ഇതിനകം കൈപ്പറ്റിയതായും, ഇതോടെ നിർമാണ നടപടികൾ ആരംഭിക്കുന്നതിനുള്ള പ്രധാന ഘട്ടം പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
സാങ്കേതിക-എഞ്ചിനീയറിംഗ് ടീമുകൾ ഭൂമിയുടെ ലഭ്യത പരിഗണിച്ച് ആധുനിക മാനദണ്ഡങ്ങൾ പാലിക്കുന്ന സൗകര്യപ്രദമായ ഡിസൈനുകൾ തയ്യാറാക്കുന്നുണ്ട്.പദ്ധതികളുടെ ടെൻഡറിംഗ് 2016ലെ പൊതുതെൻഡർ നിയമം (No.49) അനുസരിച്ച് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ വിദ്യാർത്ഥികളുടെ എണ്ണം കൈകാര്യം ചെയ്യാനുള്ള ശേഷി വർധിക്കുകയും, കുടുംബങ്ങൾക്ക് സമഗ്രമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുകയും ചെയ്യും.
