കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുടുംബകാര്യ സുപ്രീം കൗൺസിലിന് കീഴിലുള്ള ഷെൽട്ടർ സെന്ററുകളുടെ അടിയന്തര സജ്ജീകരണങ്ങൾ സാമൂഹിക കാര്യ, കുടുംബ-ശിശുക്ഷേമ മന്ത്രിയും കുടുംബകാര്യ സുപ്രീം കൗൺസിൽ അധ്യക്ഷയുമായ ഡോ. അംതാൽ അൽ ഹുവൈല നേരിട്ട് വിലയിരുത്തി. ബുധനാഴ്ച കേന്ദ്രത്തിൽ നടത്തിയ സന്ദർശന വേളയിൽ, അപ്രതീക്ഷിതമായുണ്ടാകാൻ സാധ്യതയുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള കേന്ദ്രത്തിന്റെ പ്രാപ്തിയും തയ്യാറെടുപ്പുകളും മന്ത്രി സൂക്ഷ്മമായി പരിശോധിച്ചു.
കേന്ദ്രത്തിലെ സൗകര്യങ്ങളും അടിയന്തര പ്രവർത്തന പദ്ധതികളും നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രി പറഞ്ഞു. താമസമൊരുക്കിയിട്ടുള്ള കേന്ദ്രങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഏത് പ്രതിസന്ധി ഘട്ടത്തിലും പൂർണ്ണ സജ്ജരായിരിക്കുന്നതിനും മുൻഗണന നൽകണം. തങ്ങളുടെ ചുമതലകൾ അതീവ ഉത്തരവാദിത്തത്തോടും കാര്യക്ഷമതയോടും കൂടി നിർവ്വഹിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാരുടെ പരിശ്രമങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി, അംഗീകൃത അടിയന്തര പദ്ധതികളും അവ നടപ്പിലാക്കുന്നതിനുള്ള രീതികളും മന്ത്രി അവലോകനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഷെൽട്ടർ ഹോമുകൾ സജ്ജമാണെന്നും ഗുണഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണെന്നും മന്ത്രി ഉറപ്പുവരുത്തി. വരും ദിവസങ്ങളിലും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

